Thursday, February 9, 2012

മനുഷ്യപുത്രനുമായി..

ഒരു


നിശ്ശബ്ദാഭിമുഖം

നീ,മർത്യപുത്ര,നെന്നാളും

ഭൂമാതിൻ പ്രീയ നന്ദനൻ!

ഇല്ലായ്മ തൻ പുറമ്പോക്കിൽ

തൊഴുത്തിൻ കൊച്ചു മൂലയിൽ,

സംശയത്തിൻ നികായത്തിൽ

പാതിരാവിൽ പിറന്നു നീ!

വിയത്തിലൊരു നക്ഷത്രം

കണ്ടു നിന്നുടെ കണ്ണുകൾ!

വിദ്വാന്മാരും നൃപന്മാരും

നിരീക്ഷിച്ചു സവിസ്മയം!

താതനേയറിയാൻ മാത്ര-

മറിഞ്ഞീടാ,തലഞ്ഞു നീ,

നാടു ചുറ്റി നടന്നപ്പോൾ

നീയറിഞ്ഞു മനുഷ്യരെ!

ഒടുവിൽ ദൈവ,മേവർക്കും

പിതാവെന്നു,മറിഞ്ഞു നീ!

ഈശ്വരൻ തന്നെ,യേവർക്കും

താതനെന്നുള്ള ദർശനം

അഗ്നിയായി പടർന്നപ്പോൾ

ജ്വലിച്ചൂ നിന്റെ ഹൃത്തടം

-2-

മനുഷ്യദുഃഖ,മാകുന്നു

തന്റെ വേദനയെന്നതും

കണ്ടൂ ഹൃദയ വെട്ടത്തിൽ

ഹസ്താമലക,മെന്നപോൽ!

മർത്യയാതന തൻ ക്രൂശും

താങ്ങി നീയേങ്ങിയെത്തവേ,

കപാലഗിരി കയ്യേറ്റു

നിന്നേ, തൻ ശീർഷ വേദിയിൽ!

അവർ നിൻ മൃതി ഘോഷിക്കെ

നീ,ജനിച്ചു ജനങ്ങളിൽ!

വിലയ്ക്കെടുത്തവർ പിന്നെ

നിൻ പ്രേഷ്ഠ മണവാട്ടിയെ!

ഞാനോ? ഞാനാരു്? നീയല്ലാ-

താരുമില്ലെന്നു കണ്ടവൻ!

നീ; ഞാനു,മവരും ഭിന്ന-

രല്ലെന്നുമറിയുന്നവൻ!

നിന്റെ കേവലബാല്യത്തി-

ലാശാരിപ്പണി ശാലയിൽ,

ക്രൂശിൻ തടി മുറിക്കുമ്പോൾ

മൺചിരാതായെരിഞ്ഞു നീ.

ഞാനന്നൊരു ശവപ്പെട്ടി-

വീട്ടിൽ ഹോമിച്ചു ജീവിതം!

-3-

മണ്ണെണ്ണപ്പുക തിന്നെന്നും

പുണ്ണുപോൽ വിങ്ങി കണ്ണുകൾ!

പതിച്ചിരുന്നു നിൻ ചിത്ര-

മന്നും മാനസ ഭിത്തിയിൽ!

നമ്മൾ തീർത്തും നിരാലംബർ

കേവലം നാടുതെണ്ടികൾ!

ഈ വിചാരമടുപ്പിച്ചു

നിന്നി,ലെന്നുടെ മാനസം

അവർ നിൻ രക്ത മാംസങ്ങൾ

വിറ്റു വാങ്ങി സുഖാസനം!

പൊയ്മുഖം വച്ചു ദീക്ഷിച്ചാ-

രിരട്ടത്താപ്പു വിദ്യകൾ

സത്യവിശ്വാസ ഖഡ്ഗം കൊ-

ണ്ടരിഞ്ഞിട്ടു ശിരസ്സുകൾ!

‘ഓൾഡുമങ്കിൻ’ മുഴുക്കുപ്പി

പോലെ മിന്നുന്ന ചാപ്പലിൽ

അവർ നിന്നെ പ്രതിഷ്ഠിച്ചു

മിഴി പൊട്ടിച്ചു മണ്ടയിൽ!

മനുഷ്യപുത്ര, കാണ്മീലേ-

നിന്നുൾക്കണ്ണിവ നിത്യവും?

നീ ജന്മമാർന്ന കാലത്തി-

ന്നതേ രൂപങ്ങ,ളിന്നിതാ!

-4-

തെരുവിൽ കൂടിയാർക്കുന്നു

പേ, പിടിച്ചനുയായികൾ!

തല താഴ്ത്തി നടക്കുന്നു

നടുക്കായൊരു ദൈന്യത!

ആസനത്തി,ലിരിക്കുന്നു

പീലാത്തോസൊരു ളോഹയിൽ!

എറ്റേണൽ സിറ്റി തൊട്ടിങ്ങു

ചുറ്റേണിപ്പള്ളിയോളവും

പാര കൂർപ്പിച്ചു വയ്ക്കുന്നു

നിൻ ശിഷ്യാഭാസ സഞ്ചയം!

ശവക്കല്ലറ മാന്തീടു-

ന്നിരുളിൻ മറ വച്ചവർ.

ബലാത്സംഗം നടത്തുന്നു

ചത്ത പെണ്ണിൻ ജഢത്തിലും

പൂർവ്വാസ്ഥികൾ പെറുക്കുന്നു

വാടകപ്പയ്യനേകുവാൻ.

നാഡീ ശക്തിക്ക് നന്നത്രേ

സൂപ്പു വച്ചു കുടിക്കുകിൽ!

അവർ തട്ടിക്കളിക്കുന്ന-

തമ്മൂമ്മത്തലയോട്ടികൾ!






No comments:

Post a Comment