Sunday, September 28, 2014
മെഴുകുതിരി തീരുന്നു
എരിഞ്ഞു തീരുന്നു നിരാരവം മെഴു-
തിരി,യേകാന്തനിരതമീ മേശമേൽ!
ഇരുൾ വലയങ്ങളകറ്റി നിർത്തിയു-
മിരുണ്ട ശീലക,ളഴിച്ചു മാറ്റിയും
നിഴ,ലുരഗങ്ങൾ വിഷം പരത്തുവാ-
നിഴഞ്ഞുകേറാതെ ഗതി തിരുത്തിയും,
വരുന്ന കാറ്റിന്റെ ചിറകു തട്ടാതെ
ചെരിഞ്ഞു മാറിയു,മുണർന്നു കത്തിയും
ജ്വലിച്ചെരിഞ്ഞൊരീ സമയമത്രയു-
മലിഞ്ഞു തീർന്നിനി കടന്നു പോകണം!
തിരിഞ്ഞുനോക്കിയാ,ലെവിടെനിന്നുമെൻ
ശരീരസിദ്ധിയും, ജ്വലനശക്തിയും?
പ്രപഞ്ചനാടകം നയിച്ചിടും മഹാ-
നൃപന്റെ കൈവിരൽ നൊടിച്ച മാത്രയിൽ,
ഋതുക്കൾ വേഷങ്ങളഴിച്ചു കാലിക
ഗതി മാറ്റീ; വന്നു വസന്തമൂഴിയിൽ!
പരുത്തി പൂവിട്ടു പരാഗരേണുക്കൾ
വിരുന്നൊരുക്കി തൻമലരുകൾ തോറും
ശലഭങ്ങൾ നിറം പകർന്നു ഘോഷിച്ചു
പുലരിതൊട്ടേ ദിവസം മുഴുവനും.
മദിച്ചുനിന്നൊരാ സുഭിക്ഷമാത്രക-
ളദമ്യ നീതിക,ളടർത്തിമാറ്റവേ,
ദളം പൊഴിഞ്ഞു,കായ് വളർന്നുണങ്ങി മ-
ദ്ദളംകൊട്ടിച്ചാടി പറന്നു നൂൽപ്പഞ്ഞി.
പരാഗം പങ്കിട്ടു മെഴുകും തേനും നൂ-
റ്റൊരുക്കി വച്ചതു,മതേ തേനീച്ചകൾ!
മെഴുകുകൊണ്ടൊരു മനോഹരസ്തംഭ-
മെഴുന്നതിൻ ഹൃത്തി,ലൊരാത്മതന്തുവും!
മുളച്ചു തൻ തുമ്പ,ത്തൊരഗ്നിനാളവും
തെളിഞ്ഞു നിൽക്കയാ,ണതുമുതൽക്കുഞാൻ!
എരിഞ്ഞു തീരുന്നേൻ തുടങ്ങിയിട്ടാകെ
ഒരുമണിക്കൂറോ; കഴിഞ്ഞു ജീവിതം!
അകത്തു കത്തിയ ചരടുചായുന്നു
പുകയായ് മാറീടു,ന്നവസാനകണം!
സുഗന്ധമിത്തിരി പരന്നുവോ,ചുറ്റും
ദിഗന്ധ,മാസുഖം സ്വദിച്ചു നിന്നുവോ?
തുറന്ന തൻ മണിയറയിൽ നിന്നുമോ
നിറഞ്ഞൊഴുകും പരിമളവീചികൾ?
അവിടമെങ്ങനെ പരമസൌഭാഗ്യ
ഭവനമോ,ചിരമഭയസ്ഥാനമോ?
മറഞ്ഞ ദീപമേ നിജസ്ഥിതിയിനി
അറിവതെങ്ങനെ,യരുളുക വഴി
അവിടെയോ സത്യ,മമൃതജീവിത-
ഛവി വിടുർന്നീടു,മനശ്വരാങ്കണം?
അവിടെയോ ചാടിക്കളിച്ചു നിത്യത
നിമിഷമാകുന്ന നിതാന്തവിസ്മയം!
-----*-----
അബ്രാഹം മൂഴൂർ, നെല്ലിക്കുന്നേൽ,മുത്തോലി.പി.ഒ.കോട്ടയം -686573
Wednesday, September 24, 2014
ആയുസ്സിന്റെ വഴി
ആയുസ്സ് നീട്ടുവാൻ വിദ്യ;
വയ,റല്പം ചുരുക്കുക!
ഊണിൻ നേരം വെറും മൂന്നു്
സ്ഫൂണിൻ ചോറു കുറയ്ക്കുക
മാറിപ്പോകുന്നു രോഗങ്ങൾ
സ്ഥിരമിങ്ങനെ ചെയ്യുകിൽ!
വീശും വിശ്വ വിശപ്പിന്നൊ-
രാശ്വാസാനന്ദധാരയും!
ചൊവ്വാ ദൌത്യവിജയത്തിനു്
ഇൻഡ്യയുടെ ചൊവ്വാ ദൌത്യവിജയത്തിനു് ബന്ധപ്പെട്ട ശാസ്ത്രജ്ഞർക്കെല്ലാം ഒരു സാധാരണ പൌരന്റെ അഭിനന്ദനങ്ങൾ!- അബ്രാഹം മൂഴൂർ
Subscribe to:
Posts (Atom)