Thursday, May 3, 2012

ആദിയിലന്ത്യം

ഇരുൾ തുളുമ്പി നിന്നീടും

മഹാ വിസ്തൃത സാഗരം!

ശബ്ദമില്ല ചലനമി-

ല്ലൊരു തുള്ളി വെളിച്ചവും!

ഇതിൻ ശൂന്യവിതാന,ത്താ-

ലിലപോലൊരു മേരുവിൽ,

തപസ്സു ചെ,യ്തണുപ്രായൻ

പ്രപഞ്ചത്തിൻ പിതാമഹൻ!

യുഗങ്ങൾ നീണ്ട യജ്ഞം സ-

ഫലമായ്ത്തീർന്ന മാത്രയിൽ

ആശ പോൽ, സ്വന്തമാത്മാവു

നൂറായ് പൊട്ടി വിരിഞ്ഞു പോൽ!

അവയോ,പിന്നെയും പൊട്ടി

പലേനിലയമിട്ടുപോൽ!

മഹാ സ്ഫോടന ശബ്ദങ്ങൾ

വിശ്വമാകെ മുഴങ്ങിപോൽ!

അതാണിന്നും മുഴങ്ങും ത്രി-

സ്വരാക്ഷര മഹാസ്വരം!

ഓംകാര മന്ത്ര പുഷ്പത്തിൻ

മധുവായ്,വചനാമൃതം,

ആത്മാവാകെ, നിറഞ്ഞപ്പോൾ

ജീവൻ ഭൂവി,ലുദിച്ചു പോൽ!

ജീവനോരോന്നുമാത്മാവി-

ന്നസ്ഥിത്വം പങ്കു വയ്ക്കയിൽ

ഉണ്ടായ ഭിന്ന ജന്മങ്ങ-

ളെല്ലാം ഞാനെ,ന്നറിഞ്ഞു ഞാൻ!

സയൻസും ബൈബിളും വേദ-

മന്ത്ര തന്ത്ര ശതങ്ങളും,

ഉൽപ്പത്തിക്കു വലംവച്ചു

നാലു ചുറ്റും കറുങ്ങവേ,

ഇതേ ബിന്ദുവിലീക്ഷിക്കാം

പ്രപഞ്ചത്തിൻ പിതാവിനെ!

സമസ്ത ശക്തിസമ്പത്തിൻ

നികേതം ഗൂഢ സത്തയേ!

സത്തിൻ രൂപ വിശേഷങ്ങൾ

കാണാൻ തപ്പി നടന്നവർ

അതിതാണെന്നു കൽപ്പിച്ചു

കൊത്തിയുണ്ടാക്കി മൂർത്തികൾ!

അവയ്ക്കാദരവർപ്പിക്കാ-

നടുത്തായ്ച്ചെന്നു നിൽക്കവേ

അറിഞ്ഞൂ മുഖമില്ലാത്ത

വെറും ബിംബങ്ങ,ളാണവ!

അൽപ്പ വിജ്ഞാനി ഞാൻ തന്നെ

ഇവ നിർമ്മിച്ച ശിൽപ്പിയും!

അറിഞ്ഞേൻ തനി സമ്പൂർണ്ണം

വെറും ശൂന്യതയെന്നതും!

വിധിക്കുന്നതു ഞാനേ,ഞാൻ

മാത്രമെൻ വിധിയാളനും!

നന്മ തിന്മക ളേതെന്ന-

താരു ചൊല്ലുന്നു നിശ്ചിതം?

മറ്റൊരാൾക്കധികാരങ്ങൾ

തന്നാ,രെന്നെ വിധിക്കുവാൻ?

ഇല്ലെനിയ്ക്കധിപൻ വേറെ

ഞാനാണെന്നുട മസ്ഥനും!

ആരെങ്ങാരെ വിളിച്ചാലു-

മൊരേയുത്തരമാണു ‘ഞാൻ‘

‘അഹം ബ്രഹ്മാസ്മി‘ വേദങ്ങൾ

കണ്ടതെങ്ങു,മൊരുത്തരം!



‘ഞാനെ’,പിന്നെ,യവനിലേ-

ക്കൊന്നി,ച്ചദ്വൈത ചിന്തയിൽ!

ഞാനാണു ദൈവ,മെന്നൊന്നേ

സെമറ്റിസ,മറിഞ്ഞതും!

അവർ ‘ഞാനെ‘ പ്രതിഷ്ഠിച്ചൊ-

രധികാരക്കസേരയിൽ!

ജനിച്ചിവിടെ മേലാളും

മന്തിയും ഭരണീയരും!

ഇവരോ, ദുരിതം പെയ്തു

കുടിപ്പിക്കുന്നു കയ്പുനീർ

നമുക്കു വഴി യൊന്നത്രേ

തെളിക്കാം ഋഷി വാടികൾ

ശ്രവിക്കാം സാമവേദത്തിൻ

‘സർവ്വതും സമ‘ മന്ത്രണം!



ഞാനാണു ദൈവ,മെന്നോതും

പ്രമാണം സർവ്വ മൌലികം!

അവനും ഞാനുമൊന്നെന്ന-

തറിയും സാമ ദർശനം,

സമസ്തൈശ്വര്യ സമ്പന്ന-

മേതിനും പരമാശ്രയം!

ഇവിടാണുള്ള,താത്മാവും

ബ്രഹ്മവും ദൈവ പുത്രനും.

ഇവിടെത്തന്നെ,യല്ലാഹു-

വേക,നന്ത്യ പ്രവാചകൻ!

കാണാതെ കണ്ടിവർക്കായ് നാം

ചെയ്തിടും ബലിപൂജകൾ

ഭുജിക്കാതെ ഭുജിക്കുന്ന-

താത്മാവിൻ തൃപ്തി മണ്ഡലം!




പ്രാണൻ പിരിഞ്ഞു പോകുമ്പോൾ

പൂർത്തിയാകുന്നു സർവ്വതും !











അതുപിന്നെ തപം ചെയ്വൂ

പരമാദിയി,ലെന്നപോൽ,

ഇവിടെക്കണ്ടു മുട്ടുന്ന-

തൊന്നായന്ത്യവു,മാദിയും!

----*----






                                                                                                               












Gust in night